Friday, 16 December 2016

ശ്രുതി

ഒറ്റക്കു രാജകുമാരനായ് വാഴുന്നവേളയിൽ
സ്നേഹം പകുത്തെടുത്തു വന്നുനീ വിണ്ണിൽ
കുശുമ്പും അസൂയയും എങ്ങനെയാണെന്ന്
എന്നെ പഠിപ്പിച്ചതും നിൻ സാന്നിധ്യം
എൻ നടവഴിയിൽ നീ കൂടെ നടന്നപ്പോൾ
എന്നെന്നും നിന്നെ ഞാൻ ദൂരെ നിർത്തി
എന്നുടെ വാത്സല്യം തട്ടിപറിച്ചൊരു
കാലമായ് നിന്നെ ഞാൻ മുദ്രകുത്തി
തൊട്ടുപിടിച്ചതിനൊക്കെയും വഴക്കുമായ്
നമ്മളും കാലത്തിനൊപ്പമോടി
പിന്നീട് മംഗല്യമെന്നൊരു യോഗത്താൽ
തമ്മിൽ പിരിഞ്ഞൊരു വേളയിൽ
ശൂന്യമായ്എന്നുടെ ജീവിതമെന്ന
ആമാത്രയിൽ തന്നെ മനസ്സിലാക്കി
ശുദ്ധമാം ഗീതത്തിൻ ശക്തിയായ്എന്നെന്നും
ശ്രുതി ചേർന്നുനിൽകുക തന്നെ വേണം
അതുപോലെതന്നെയെൻ ശക്തിയായ്
എന്നെന്നുമെന്നനുജത്തി കൂടെ വേണം

No comments:

Post a Comment